ഖത്തറില്‍ ക്ലാസുകളില്‍ 30 ശതമാനം കുട്ടികള്‍ക്ക് മാത്രം പ്രവേശനം

ഖത്തര്‍: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ പ്രവേശന നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. മുപ്പത് ശതമാനം കുട്ടികള്‍ മാത്രമേ ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ പാടുളളു എന്ന പുതിയ മാനണ്ഡമാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ബാക്കിയുളളവര്‍ക്ക് ഓണ്‍ലൈനായി തന്നെ ക്ലാസ്സുകള്‍ തുടരും.

ഹൃദയസംബന്ധമായ അസുഖങ്ങളുളള കുട്ടികളും സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. കോവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. 15 കുട്ടികളില്‍ അധികം ഒരേ ക്ലാസില്‍ ഉണ്ടാകാന്‍ പാടില്ല. അതായത് ഒരു വിദ്യാര്‍ത്ഥി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സ്‌കൂളില്‍ എത്തേണ്ടതുളളു.

1.5 മീറ്റര്‍ അകലം പാലിച്ചും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതല്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും സ്വീകരിച്ചും മാത്രമേ ക്ലാസിലെത്താവൂ. വാര്‍ഷിക പരീക്ഷകളെല്ലാം തന്നെ സ്‌കൂളുകളില്‍ വെച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും ഖത്തര്‍ വിദ്യാഭാസ മന്ത്രാലയം വ്യക്തമാക്കി.

Top