ജയ്പുര്‍: രാജസ്ഥാനില്‍ ഇരു കോണ്‍ഗ്രസ് നേതാക്കളും തമ്മിലടിക്കുകയാണെന്ന ബി.ജെ.പിയുടെ തുടര്‍ച്ചയായ പ്രചരണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ഗെഹലോത് സച്ചിന്‍ പൈലറ്റിന്റെ വീഡിയോ ഫേസ്ബുക്കും, എക്സും ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോയാണ് മുഖ്യന്ത്രി അശോക് ഗെഹലോത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന നാളുകളിലാണ് കോണ്‍ഗ്രസിലെ തമ്മിലടി ബി.ജെ.പി. പ്രചരണായുധമാക്കിയത്. ഇതിനാണ് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന വെള്ളിയാഴ്ച പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് ഗെഹലോത് സച്ചിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിന്റെ യുവ നേതാവ്’ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിക്കായി വോട്ട് അഭ്യര്‍ഥിക്കുന്ന സച്ചിന്‍ പൈലറ്റിന്റെ വീഡിയോയാണ് ഗെഹലോത് പോസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് രാജസ്ഥാന്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. വ്യാഴാഴ്ച കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചരണം അവസാനിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രചരണത്തിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന രാജസ്ഥാനില്‍ ഫലം വരുമ്പോള്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാം എന്ന പ്രതീക്ഷയില്‍ ഒട്ടേറെ സ്വതന്ത്രരും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് ഭീഷണിയായി ഏഴും ബി.ജെ.പിക്ക് തലവേദനയായി 11 പേരുമാണ് മത്സരരംഗത്തുള്ളത്.
2018-ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 200 സീറ്റില്‍ 100 സീറ്റുമാത്രമാണ് കോണ്‍ഗ്രസ് നേടിയതെങ്കിലും അശോക് ഗഹ്ലോതിന് മുഖ്യമന്ത്രിയാവാന്‍ സാധിച്ചത് തിരഞ്ഞെടുക്കപ്പെട്ട 13 സ്വതന്ത്രരില്‍ 10 പേരും പിന്തുണച്ചതിനാലാണ്. പി.സി.സി. അധ്യക്ഷനായിരുന്ന സച്ചിന്‍ പൈലറ്റ് ചെറുപ്പക്കാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാനായി സീറ്റ് നിഷേധിച്ചവരായിരുന്നു ഇവര്‍. ഗെഹ്ലോത്-പൈലറ്റ് അധികാരത്തര്‍ക്കത്തില്‍ സ്വതന്ത്രര്‍ ഗെഹ്ലോതിനെ പിന്തുണച്ചതോടെ പൈലറ്റിന്റെ മുഖ്യമന്ത്രിമോഹം പൊലിഞ്ഞു. ഇത്തവണ ഇങ്ങനെ സീറ്റുനിഷേധിക്കപ്പെട്ട ഏഴുപേര്‍ വിമതരായി രംഗത്തുണ്ട്. ഇതില്‍ നാലുപേര്‍ ജയസാധ്യതയുള്ളവരുമാണ്.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തരായവര്‍ക്കടക്കം 11 പേര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. പലരെയും വസുന്ധര തന്നെ സ്വതന്ത്രരായി നിര്‍ത്തിയെന്നാണ് അണിയറവര്‍ത്തമാനം. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടാവുകയാണെങ്കില്‍ കഴിഞ്ഞതവണത്തേതുപോലെ ഇവരുടെ പിന്തുണ ആര്‍ക്ക് എന്നത് നിര്‍ണായകമാവും.