പ്രതികാരമായി കാര്‍ തടഞ്ഞ് റോഡിലിട്ടു വെട്ടി; 3 പേര്‍ അറസ്റ്റില്‍

കഴക്കൂട്ടം: ബൈക്കുകളില്‍ എത്തിയ സംഘം തീരദേശ റോഡില്‍ ശാന്തിപുരത്തു വച്ച് കാറില്‍ പോയ അഞ്ചംഗ സംഘത്തിനു നേരെ നാടന്‍ ബോംബ് എറിഞ്ഞ ശേഷം രണ്ടു പേരെ പിടിച്ചിറക്കി റോഡിലിട്ടു വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

വെട്ടുതുറ സിത്താര ഭവനില്‍ ലിജോ (അപ്പു-32), വെട്ടുതുറ സ്വദേശി വിജിത്ത് (23), സെന്റ് ആന്‍ഡ്രൂസ് പുഷ്പ വീട്ടില്‍ റൊഡ്രിക് (കിച്ചു- 23) എന്നിവരാണ് അറസ്റ്റിലായത്.3 ദിവസം മുന്‍പ് നരുവാംമൂട് സ്വദേശി നിഷാന്ത് (36), പുത്തന്‍തോപ്പ് സ്വദേശി നോബിന്‍ (23) എന്നിവരെയാണ് പിടിയിലായ സംഘം പിടിച്ചിറക്കി വെട്ടിയത്.

അഞ്ചംഗ സംഘം കാറില്‍ പുത്തന്‍ തോപ്പ് ഭാഗത്തു നിന്നും പുതുക്കുറിച്ചി ഭാഗത്തേക്ക് പോകുമ്പോള്‍ ശാന്തിപുരത്തു വച്ച് കാര്‍ തടഞ്ഞിട്ട് കാറിനു മുന്നില്‍ രണ്ടു നാടന്‍ ബോംബുകള്‍ എറിഞ്ഞു. നോബിനെയും നിഷാന്തിനേയും പിടികൂടി. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

പിടികൂടിയവരെ സംഘം റോഡില്‍ ഇട്ടു തന്നെ വെട്ടി. രണ്ടു ദിവസം മുന്‍പ് കാറിലുണ്ടായിരുന്ന സംഘത്തില്‍പ്പെട്ടവര്‍ രണ്ടു വീടുകളില്‍ നാടന്‍ ബോംബ് എറിഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം എന്ന് പൊലീസ് വ്യക്തമാക്കി.

Top