In revenue department says law academy land recoverd

തിരുവനന്തപുരം: ലോ അക്കാദമിയുടെ വിവാദ ഭൂമി സംബന്ധമായി അന്വേഷിക്കുന്ന റവന്യൂ വകുപ്പ്,ഭൂമി പിടിച്ചെടുക്കണമെന്ന റിപ്പോർട്ട് സർക്കാറിന് നൽകിയേക്കുമെന്ന് സൂചന.

വി എസിന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന റവന്യൂ വകുപ്പ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പരാതിയിൽ കഴമ്പുണ്ടെന്ന് ഇതിനകം ബോധ്യമായതായാണ് അറിയുന്നത്. പരാതിക്കാരൻ വി എസ് ആയതിനാൽ റിപ്പോർട്ടിൽ വെള്ളം ചേർത്താൽ നിയമ നടപടികൾ വരെ നേരിടേണ്ടി വരുമെന്നതിനാൽ ജാഗ്രതയോടെയാണ് നീക്കം.

ബി ജെ പി വിഷയത്തിൽ ശക്തമായി ഇടപെടുകയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവവും അന്വേഷണ റിപ്പോർട്ട് പരിശോധിക്കുമെന്നതും ഐഎഎസുകാരനായ അന്വേഷണ തലവനെ സമ്മർദ്ദത്തിലാക്കുന്നതാണ്.

മാത്രമല്ല ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിൽ വിശ്വാസമില്ലന്ന് കാണിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാൽ സി ബി ഐ അന്വേഷണത്തിനുള്ള സാധ്യതയും തളളിക്കളയാൻ കഴിയുന്നതല്ല.

ഇക്കാര്യങ്ങളെല്ലാം മുൻകൂട്ടി കണ്ട്കൊണ്ടുള്ള ഒരു റിപ്പോർട്ടായിരിക്കും അന്വേഷണ സംഘം നൽകുകയെന്നാണ് സൂചന.

മുഖ്യമന്ത്രിയുമായി ഭിന്നതയുള്ള ഐഎഎസ് ലോബിയും അവസരം മുതലെടുത്ത് രംഗത്തുണ്ട്.

വിദ്യാഭ്യാസ മന്ത്രിയുമായുള്ള എഐഎസ്എഫ് ഉൾപ്പെട്ട സമരക്കാരുടെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് ലഭിച്ചാൽ അത് മന്ത്രിസഭയിൽ അവതരിപ്പിക്കാനാണ് സി പി ഐ കയ്യാളുന്ന റവന്യൂ വകുപ്പ് മന്ത്രിയുടെ തീരുമാനമത്രെ.

മന്ത്രിസഭയിൽ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് വന്നാൽ അതിനെ സിപിഐയുടെ നാല് മന്ത്രിമാർ ഒഴികെയുള്ളവർ എതിർക്കുമെന്ന കാര്യവും ഉറപ്പാണ്. ഇടത് ഐക്യത്തെ തന്നെ ബാധിക്കുന്ന ഭിന്നതക്കും സി പി ഐ യുടെ പുറത്ത് പോവലിനും വരെ ഇത്തരമൊരു നടപടി കാരണമായേക്കും

സി പിയുടെ കാലത്തെ ഭൂമി ഏറ്റെടുക്കാൻ ഉദ്യേശമില്ലന്ന് തുറന്നടിച്ച മുഖ്യമന്ത്രിയും സി പി എം നേതൃത്വവും റവന്യൂ വകുപ്പ് എന്ത് റിപ്പോർട്ട് അവതരിപ്പിച്ചാലും നിലപാട് തിരുത്തില്ലന്ന ഉറച്ച നിലപാടിലാണ്. വിഎസ് സി പി ഐക്കൊപ്പം നിന്ന് നടത്തുന്ന നീക്കങ്ങളിലും പാർട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

മുഖ്യമന്ത്രിയെ മറികടന്ന് സി പി ഐ മന്ത്രിമാർ മുന്നോട്ട് പോയാൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ വരെ മുഖ്യമന്ത്രി തയ്യാറായേക്കുമെന്ന വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇതോടെ ശക്തമായിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്ന സി പി ഐ നേതാക്കളുടെ നടപടിയിൽ സി പി എമ്മിന് അകത്ത് രൂപപ്പെട്ട പ്രതിഷേധമാണ് ഈ നിരീക്ഷണത്തിന് കാരണം.

സി പി ഐ മുന്നണിയിൽ നിന്ന് പുറത്ത് പോയാലും കേരള കോൺഗ്രസ്സ് അടക്കം സി പി എം നോട് സഹകരിക്കാൻ താൽപര്യമുളളവരുടെ പിന്തുണയോടെ സർക്കാറിന് മുന്നോട്ട് പോവാൻ കഴിയുമെന്ന കണക്ക് കൂട്ടൽ സി പി എം നേതൃത്വത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇടത് ഐക്യത്തിന്റെ പേരിൽ എല്ലാ വിമർശനങ്ങളും സഹിക്കേണ്ടതില്ലന്നാണ് നേതാക്കളുടെ നിലപാട്.

ഇടത് പക്ഷത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ സംഘ പരിവാറിനും കോൺഗ്രസ്സിനും സഹായകരമായ നിലപാടാണ് സി പി ഐ സ്വീകരിക്കുന്നതെന്ന അഭിപ്രായം സി പി എം അണികളിലെ ഒരു വിഭാഗത്തിലും പ്രകടമാണ്.

അതേസമയം സി പി എം സ്ഥാപക നേതാവ് കൂടിയായ വി എസിന്റെ പരാതിയിലാണ് റവന്യൂ വകുപ്പിന്റെ അന്വേഷണമെന്നതാണ് സി പി ഐ നേതൃത്വത്തിന്റെ ആത്മവിശ്വാസം.

സർക്കാർ ഭൂമി അനധികൃതമായി ദുരുപയോഗം ചെയ്യുകയും മാർഗ്ഗരേഖകൾ ലംഘിച്ച് പ്രവർത്തിക്കുകയും ചെയ്തതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായാൽ സി പി എം കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും തിരുത്തുമെന്ന പ്രതീക്ഷയിലാണ് സി പി ഐ നേതൃത്വം.

Top