ഷാര്‍ജ: ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശത്തുള്ള പ്രധാന പാതയായ മലീഹാഅല്‍ ഫയ റോഡില്‍ വാഹനങ്ങളുടെ വേഗ പരിധി വര്‍ധിപ്പിച്ചു.
വേഗപരിധി മണിക്കൂറില്‍ 80 കിലോ മീറ്ററില്‍ നിന്നും 100 കിലോമീറ്ററാക്കിയാണ് വര്‍ധിപ്പിച്ചതെന്ന് ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം അറിയിച്ചത്.
എന്നാല്‍ റോഡ് സുരക്ഷ ഉറപ്പാക്കിക്കൊണ്ടും ഗതാഗത നിയമം അനുസരിച്ചും പരമാവധി 119 കിലോമീറ്റര്‍ വരെ പോകാമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്.
മലീഹാഅല്‍ ഫയ റോഡ് നവീകരണ പ്രവര്‍ത്തനം ഇപ്പോള്‍ നടന്നു വരികയാണ്, ഇത് പൂര്‍ത്തിയായാല്‍ മാത്രമേ ഈ റോഡിലെ റഡാറുകള്‍ പ്രവര്‍ത്തന ക്ഷമമാവുകയുള്ളൂവെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
നൂതന സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത റഡാറുകളും ക്യാമറകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ റോഡ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എമിറേറ്റില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് യാത്രാസൗകര്യവും വര്‍ധിപ്പിച്ചു കൊണ്ടാണ് വേഗപരിധി കൂട്ടുന്നത്.