ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയില്‍; നിഫ്റ്റി 18,900ന് താഴെ

ത്സവ മാസമായ ഒക്ടോബറില്‍ മാത്രം സെന്‍സെക്സിനുണ്ടായ നഷ്ടം 2,600 പോയന്റാണ്. ഓഹരി വിപണി ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലാണ് നിഫ്റ്റി. ആറാം ദിവസവും നഷ്ടത്തിലായതോടെ 18,900ത്തിന് താഴെയായായി നിഫ്റ്റിയുടെ സ്ഥാനം.

സെന്‍സെക്സ് 852 പോയന്റ് നഷ്ടത്തില്‍ 63,196ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 18,863 നിലവാരത്തിലുമാണ് ഉച്ചയോടെ വ്യാപാരം നടന്നത്. ഇന്നത്തെ ഒറ്റദിവസം കൊണ്ട് അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വിലയിരുത്തുകയാണെങ്കില്‍ ഒക്ടോബറില്‍ മാത്രമുണ്ടായ നഷ്ടം 9.8 ലക്ഷം കോടി രൂപയാണ്.

സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മീഡിയ, റിയാല്‍റ്റി എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നു. എഫ്.എം.സി.ജി, ഐടി, മെറ്റല്‍, ഫാര്‍മ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകള്‍ 0.80 ശതമാനം മുതല്‍ 1.80 ശതമാനംവരെ നഷ്ടത്തിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ഇപ്പോള്‍ ലോകം. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാലം നീളാനിടയായാല്‍ ആഗോള വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിച്ചേക്കാം. വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ തുടരുന്നതും പ്രതീക്ഷിച്ചതിലും ദുര്‍ബലമായ രണ്ടാം പാദഫലങ്ങളുമാണ് വിപണിയെ ദുര്‍ബലമാക്കിയത്. അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായെങ്കിലും യുഎസിലെ കടപ്പത്ര ആദായ വര്‍ധനവിനെയും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെയും മറികടക്കാനുള്ള കരുത്തില്ലാതെപോയി.

Top