തലസ്ഥാനത്ത് 52 ശതമാനം വിദ്യാര്‍ത്ഥികള്‍ ശ്വാസകോശ പ്രശ്‌നങ്ങളുടെ പിടിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ 52 ശതമാനം വിദ്യാര്‍ത്ഥികളും ശ്വസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന മലിനീകരണ നിലവാരത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

18 നും 24 നും ഇടയില്‍ പ്രായമുള്ള 1,044 വിദ്യാര്‍ത്ഥികളാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്.

ഇതില്‍ പകുതിയിലധികം പേരും ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്.

വിദ്യാര്‍ത്ഥികളില്‍ 42 ശതമാനം പേരും ശ്വാസകോശത്തിലെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന അണുബാധ അനുഭവിക്കുന്നുണ്ടെന്നും, 11 ശതമാനം ഇതിനോടകം തന്നെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി.

ഇത്തരത്തിലൊരു പഠനം യുവാക്കളില്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റും ശ്വാസകോശ വിഭാഗം തലവനുമായ ഡോ. വികാസ് മൗര്യ പറഞ്ഞു.

ഇതിലൂടെ, മലിനീകരണം വര്‍ധിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളും, എങ്ങനെ ഈ പ്രശ്‌നം തടയുമെന്നുള്ള കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വായു മലിനീകരണത്തിനെതിരായുള്ള പോരാട്ടത്തില്‍ തലസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുക, വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനോഹര്‍ ലാല്‍ ഖത്തറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലിനീകരണ പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

Top