തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. കോര്‍പ്പറേഷനിലെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥ പ്രതികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അഴിമതിയുടെ കാര്യത്തില്‍ ഭരണകക്ഷിക് ഇരട്ടച്ചങ്കാണെന്നും, മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ മേയറുടെ പ്രസംഗം സ്‌ക്രീനില്‍ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് ഒഴിവാക്കി സഭാ നടപടികളുമായി സഹകരിച്ചു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 33 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ സമഗ്രമായ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 പേരെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി സഭയില്‍ വ്യക്തമാക്കി.