കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10-ാം തിയതി കൊണ്ട് അവസാന വാദവും പൂര്‍ത്തിയാക്കി.
2018 ജൂണ്‍ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബര്‍ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തു.
ജലന്ധര്‍ രൂപതയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസ്. ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ബിഷപ്പ് ഹൗസില്‍ മണിക്കൂറുകളോളം കാത്ത് നിര്‍ത്തിയതടക്കമുള്ള നാടകീയതകള്‍ അന്വേഷണത്തിനിടെ അരങ്ങേറിയിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണെന്ന ഘട്ടം വരെ ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പോലും ഫ്രാങ്കോ മുളക്കല്‍ തയ്യാറായിരുന്നില്ല.
അതിനിടെ, കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.