തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സംഭവത്തില്‍ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചു. നവംബര്‍ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിള്‍ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളില്‍ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആര്‍ അംഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കണ്‍സോര്‍ഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തില്‍ JN.1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നല്ല ഒരു പങ്കും JN.1 വകഭേദമെന്നാണ് കണക്ക്.