നവകേരള സദസിനായി ഇനി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നവകേരള സദസിനായി ഇനി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിന്‍വലിക്കും.

കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണം എന്നു നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തു കാസര്‍ഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫാണ് ഹര്‍ജി
നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കുട്ടികളെ വെയിലത്ത് നിര്‍ത്തിയതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക സമയത്ത് സ്‌കൂള്‍ കുട്ടികളെ ഇറക്കി നിര്‍ത്തുന്നത് ഗുണകരമല്ലെന്നായിരുന്നു മാധ്യമങ്ങളെ കണ്ട വേളയില്‍ പിണറായി വിജയന്റെ വിശദീകരണം.

വഴിനീളെ കുട്ടികളുടെ പങ്കാളിത്തം നവകേരള സദസ്സിന്ര്‍റെ വിജയമായി മുഖ്യമന്ത്രി അവതരിപ്പിക്കുമ്പോഴാണ് എല്‍പി സ്‌കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങള്‍ തലശ്ശേരി ചമ്പാട്ട് നിന്നും വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍, കുട്ടികളെ റോഡരികില്‍ നിര്‍ത്തിയെന്നായിരുന്നു കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ അധ്യാപകരുടെ വിശദീകരണം. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കി. വിവാദമായതോടെ സ്‌കൂളിന് കുട്ടികളെ ഇറക്കിയുളള അഭിവാദ്യം ആവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. വെയിലത്ത് അസംബ്ലിയില്‍ പോലും നിര്‍ത്തരുതെന്ന് നിര്‍ദേശമുളളപ്പോഴായിരുന്നു നിര്‍ബന്ധിച്ചുളള അഭിവാദ്യം. ഇതുള്‍പ്പെടെ നവകേരള സദസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ കെ.എസ്.യു അടക്കം ഹര്‍ജി നല്‍കിയിട്ടുമുണ്ട്.

Top