തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെള്ളനാട്, കുളപ്പട, ആര്യനാട്, ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, ഭാഗങ്ങളില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ആര്യനാട് ഉഴമലയ്ക്കലില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പെരുമ്പാമ്പ് കയറി.
ഉഴമലയ്ക്കല്‍ പരുത്തിക്കുഴിയില്‍, റോഡില്‍ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം വരുന്ന പെരുംമ്പാമ്പ്. പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ ആര്‍ ആര്‍ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി.
കഴിഞ്ഞ ദിവസം വെള്ളനാട് ചാങ്ങയില്‍ നിന്ന് JCB യില്‍ കയറിയ പെരുമ്പാമ്പിനെ ശ്രമകരമായി പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മഴക്കാലമായതോടെ ആവാസ മേഖലകളില്‍ വെള്ളം കയറുന്നതാണ് പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ പുറത്തെത്താന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.