ദില്ലി : ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം മീഡിയാവണ്‍ ചാനലിന്റെ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീംകോടതി. എങ്ങനെയാണ് സുരക്ഷാ അനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങള്‍ അറിയാതെ അനുമതി നിഷേധിക്കപ്പെട്ടവര്‍ നിയമ നടപടി സ്വീകരിക്കുകയെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. എത്ര ഗുരുതരമായ കേസ് ആയാലും കുറ്റപത്രത്തില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും.
ദേശസുരക്ഷ നിയമപ്രകാരം തടവിലാക്കുമ്പോള്‍ പോലും അതിന്റെ കാരണം വ്യക്തമാക്കണം. അതുപോലെ, ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനല്‍ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്നും കോടതി ചോദിച്ചു’. മീഡിയവണ്‍ ചാനലിന്റെ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ലൈസന്‍സ് വിലക്കിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം നാളെ തുടരും.
കഴിഞ്ഞ ജനുവരി 31 നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. എന്നാൽ ഇതിന് പിന്നാലെ മീഡിയാവൺ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തു.