പനാജി: സന്തോഷ് ട്രോഫിയില്‍ രണ്ടാം മത്സരത്തിലും കേരളത്തിന് ഗംഭീരവിജയം. ഗോവയില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജമ്മു കശ്മീരിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം തോല്‍പ്പിച്ചിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം ലീഡുയര്‍ത്തുന്നത് തുടര്‍ന്നു. ജിതിന്‍ തന്നെയായിരുന്നു കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 60-ാം മിനിറ്റില്‍ ഫൈസലിലൂടെ ജമ്മു കശ്മീര്‍ അവരുടെ ആശ്വാസഗോള്‍ നേടി. 66-ാം മിനിറ്റില്‍ അബ്ദുറഹീമും 74-ാം മിനിറ്റില്‍ റിസ്വാന്‍ അലിയും ഗോള്‍ നേടിയതോടെ ആറ് ഗോളുകളുമായി കേരളം ആധികാരിക വിജയം ഉറപ്പിച്ചു. രണ്ട് മത്സരങ്ങളും വിജയിച്ച കേരളത്തിന് ആറ് പോയിന്റാണുള്ളത്. ഒക്ടോബര്‍ 15ന് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
മത്സരം ആരംഭിച്ച് എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കേരളം ലീഡെടുത്തു. മിഡ്ഫീല്‍ഡര്‍ ജിതിന്‍ പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മികച്ച ഷോട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. 13-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ സജീഷ് നേടിയ തകര്‍പ്പന്‍ ഹെഡര്‍ കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അവസാനം ഒരു ത്രൂബോള്‍ സ്വീകരിച്ച് ആഷിഖ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.