ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിന് തകര്‍പ്പന്‍ ജയം

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തകര്‍പ്പന്‍ ജയം.

ആദ്യറൗണ്ടില്‍ റഷ്യയുടെ സെര്‍ജി സിറന്റിനെ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി (21-13, 21-12).

അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് മനീഷ സഖ്യവും, പ്രജാക്ത സാവന്ത് ഉള്‍പ്പെട്ട സഖ്യവും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ടൂര്‍ണമെന്റിലെ എട്ടാം സീഡായ ശ്രീകാന്തിന്, ലോകറാങ്കിങ്ങില്‍ 71-ാം സ്ഥാനത്തുള്ള സെര്‍ജിയെ കീഴടക്കാന്‍ കേവലം 29 മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.

രണ്ടാം റൗണ്ടില്‍ ശ്രീകാന്ത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിടും.

ചൈനീസ് തായ്‌പേയിയുടെ ലിന്‍ യു സീനിനെ കീഴടക്കിയാണ് കോര്‍വി രണ്ടാം റൗണ്ടിലെത്തിയത് (18-21, 21-17, 21-13).

ശ്രീകാന്തിനെതിരെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ റഷ്യന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 6-1 ലീഡെടുത്ത ശ്രീകാന്ത്, ഇടവേള സമയത്ത് 11-6 ന് മുന്നിലെത്തിയിരുന്നു. അതിനുശേഷം കുറച്ചുപോയിന്റുകള്‍ നേടി സെര്‍ജി വിടവ് കുറച്ചെങ്കിലും സംശയത്തിന് ഇടനല്‍കാതെ ശ്രീകാന്ത് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ 2-2 എന്ന നിലയിലായിരുന്നെങ്കിലും എതിരാളിയെ അതേ സ്ഥാനത്ത് നിര്‍ത്തി ശ്രീകാന്ത് ഏഴുപോയന്റുകള്‍ തുടര്‍ച്ചയായി നേടി. പിന്നീട് 11-5, 15-9, 21-12 എന്ന നിലയില്‍ പോയിന്റ് നില ഉയര്‍ത്തി.

മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ് രാജ്മനീഷ സഖ്യം ആദ്യറൗണ്ടില്‍ ഹോങ്കോങ്ങിന്റെ താം തുന്‍ ഹെടി സായു സഖ്യത്തെയാണ് കീഴടക്കിയത് (24-22, 21-17). ഇന്ത്യയുടെ പ്രജക്തയും മലേഷ്യയുടെ യോഗേന്ദ്രന്‍ കൃഷ്ണനും അടങ്ങിയ സഖ്യം ചൈനീസ് തായ്‌പേയിയുടെ ലു ചിങ് യോ ചിയാങ് കൈ സിനെയും കീഴടക്കി (21-15, 13-21, 21-18).

Top