കൊച്ചി: തൃക്കാക്കരയില്‍ നഗരസഭ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ഓഫീസില്‍ പ്രവേശിച്ച് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. ഓണസമ്മാന വിവാദത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ ഓഫിസ് നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം സീല്‍ ചെയ്തിരുന്നു.
സിസിടിവി തെളിവുകള്‍ സംരക്ഷിക്കണമെന്ന വിജിലന്‍സ് ആവശ്യപ്രകാരമാണ് നഗരസഭ സെക്രട്ടറി ഓഫിസ് സീല്‍ ചെയ്തത്. എന്നാല്‍ ഓഫിസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ തന്റെ സാന്നിധ്യത്തില്‍ മുറി തുറന്ന് നല്‍കുമെന്നും ചെയര്‍പേഴ്‌സന്‍ അജിത് തങ്കപ്പന്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിനായി വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയര്‍പേഴ്‌സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ പുറത്ത് പോയി. വിജിലന്‍സ് സംഘം പുലര്‍ച്ചെ 3 വരെ നഗരസഭയില്‍ തുടര്‍ന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വിജിലന്‍സ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നല്‍കിയത്. പണക്കിഴി വിവാദത്തിലെ നിര്‍ണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്നാണ് സെക്രട്ടറി നോട്ടിസ് പതിച്ചത്.