തൃശൂര്‍: കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ മാള കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിന് സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കാര്‍ വീണത്. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, മൂരിക്കാട് സ്വദേശി ടിറ്റോ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് സൂചന. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം സാധ്യമായില്ല.
പിന്നീട് ചാലക്കുടിയില്‍ നിന്ന് സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.