യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞത്. വീഡിയോയില്‍ രണ്ട് ആളുകള്‍ ചേര്‍ന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതിലൊരാള്‍ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു.

എറിയുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊവിഡ് ബാധിച്ചു മരിച്ച പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയത്. മേയ് 25നാണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇയാള്‍ മേയ് 28ന് മരിച്ചു.

പ്രേംനാഥിന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, അവര്‍ സംസ്‌കാരം നടത്താതെ മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ബല്‍റാംപൂര്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top