അലഹബാദ്: ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ വിഭാഗമായ ആംഗ്ലോ ഇന്ത്യനുകള്‍ ഈ മാസം തെരുവിലേക്കിറങ്ങും. സംസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജനങ്ങള്‍ നവരാത്രി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ഒരു വിഭാഗം മാത്രം കുടിയറക്ക് ഭീഷണി നേരിടുന്നത്.
ആംഗ്ലോ ഇന്ത്യന്‍ ഡോമിസൈല്‍ഡ് ട്രസ്റ്റ് പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്ന 25 കുടുംബങ്ങളാണ് തെരുവിലേക്കിറങ്ങാന്‍ പോകുന്നത്. എഐഡിടിപി 19-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സംവിധാനമാണ്. ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്കും വിധവകള്‍ക്കും താമസിക്കുന്നതിനുള്ള ഇടമാണ് ഇത്. ആദ്യം പാട്ടക്കരാര്‍ സമയബന്ധിതമായി പുതുക്കിയിരുന്നു. എന്നാല്‍ രണ്ടാം തവണത്തേത് ട്രസ്റ്റ് കമ്മറ്റിയുടെയും സര്‍ക്കാരിന്റെയും ചേര്‍ച്ചയില്ലാത്ത കാരണം പരാജയപ്പെട്ടു.
ആഗസ്റ്റില്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം 11 ഏക്കര്‍ വരുന്ന ഈ സ്ഥലത്തിന്റെ കരാര്‍ കാലാവധി നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചതിനാല്‍ സര്‍ക്കാരിന് ഇത് ഏറ്റെടുക്കാം. പൊതു ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കണമെന്നാണ് ചട്ടം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി ഇത് ഏറ്റെടുക്കണമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിനകം സ്ഥലമൊഴിഞ്ഞു തന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ ട്രസ്റ്റ് പ്രസിഡന്റിന് കത്തു നല്‍കി. എന്നാല്‍, വളരെപ്പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ നടപടികളില്‍ സംശമുണ്ടെന്നാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ആരോപണം.
ഇന്ത്യന്‍ പൗരത്വമുള്ള ആളുകളാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗമെന്നും ആധാര്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും തങ്ങള്‍ക്കുമുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. സേന വിഭാഗങ്ങള്‍, റെയില്‍വേ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യയില്‍ ആംഗ്ലോ ഇന്ത്യനുകള്‍ വളരെ സജീവമാണ്. രാജ്യം തിരിച്ചു ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ തീരുമാനം.