തൃശ്ശൂര്‍: കോവിഡ് ചികിത്സയില്‍ വീഴച വരുത്തിയ ആശുപത്രി പൂട്ടിച്ചു. തൃശ്ശൂരില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച തൃശ്ശൂര്‍ പല്ലിശ്ശേരിയിലുള്ള ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിക്കെതിരേയാണ് ആരോഗ്യവകുപ്പിന്റെ നടപടി ഉണ്ടായത്. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാത്തതിനാലും മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാലുമാണ് നടപടി സ്വീകരിച്ചത്.
കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിപ്പിച്ചത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ആശുപത്രിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
സ്ഥാപനം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. സ്ഥിരമായി മുഴുവന്‍ സമയ ഡോക്ടറുമില്ല. അതിനാല്‍ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും അപര്യാപ്തതകള്‍ പരിഹരിക്കുന്നത് വരെ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്നും ഡിഎംഒ വ്യക്തമാക്കി.