വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 53 സ്‌കൂളുകള്‍ അടിസ്ഥാന-സൗകര്യ-ഭൗതിക വികസനം പൂര്‍ത്തിയാക്കി നാളെ ഉദ്ഘാടനം ചെയ്യും.

ഇതില്‍ കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പുറമേ പ്ലാന്‍ ഫണ്ട്, എം എല്‍ എ ഫണ്ട്, നബാര്‍ഡ് എന്നിവ വഴി പൂര്‍ത്തിയാക്കിയവയും ഉള്‍പ്പെടും. കൈറ്റ്, വാപ്‌കോസ്, ഇന്‍കെല്‍, കില എന്നിവയാണ് പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികള്‍.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം പൂര്‍ത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി. അരുവിക്കരം, പട്ടാമ്പി, ഷൊര്‍ണൂര്‍, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകള്‍.

കിഫ്ബിയുടെ 3 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും നാളെ നടക്കും. ഇതില്‍ തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകളും ഉള്‍പ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്പൂര്‍, വേങ്ങര, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകള്‍.

കണ്ണൂര്‍ ജില്ലയിലെ തലശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയില്‍ പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് സ്‌കൂളുകള്‍. ഇതിനു പുറമേ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം എല്‍ എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനവും നടക്കും. വയനാട്,എറണാകുളം ജില്ലകളില്‍ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിര്‍മാണപ്രവൃത്തികള്‍ക്കും നാളെ തറക്കല്ലിടും.

Top