ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങുകള്‍ വൈകും. ഡല്‍ഹിയില്‍ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വിമാനം വൈകിയതാണ് ഉദ്ഘാടന ചടങ്ങുകള്‍ വൈകാനുള്ള കാരണം. ഡല്‍ഹിയില്‍ നിന്നും ഇംഫാലിലേക്കുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാന്‍ വൈകിയിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം വൈകിയത്.
കനത്ത മൂടല്‍മഞ്ഞ് മൂലം വിമാനസര്‍വീസുകള്‍ വൈകിയെന്ന് ഇന്‍ഡിഗോ എക്‌സില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമാനവും വൈകിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഉച്ചയോടെ ഉദ്ഘാടനം നടത്തി മണിപ്പൂരിലെ പര്യടനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. നാളെ നാഗാലാന്‍ഡിലാണ് യാത്രയുടെ പര്യടനം നിശ്ചയിച്ചിരുന്നത്.
15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തര്‍പ്രദേശില്‍മാത്രം പതിനൊന്നു ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ നീളുന്നതാണ് യാത്ര. മാര്‍ച്ച് 20 ന് മുംബൈയിലാണ് സമാപനം.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും. ബസില്‍ ഇരുന്ന് മാത്രമായിരിക്കില്ല പലയിടങ്ങളില്‍ നടന്നും മറ്റ് വാഹനങ്ങളിലുമെല്ലാം രാഹുല്‍ സഞ്ചരിക്കും.
യാത്രയിലുടനീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ ചര്‍ച്ചകളും ഉണ്ടാകും