കൊല്ലം: കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുണ്ട്.
സുനിലിനൊപ്പം കൃത്യത്തിനു കൂട്ടു നിന്ന പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. സുനിലിന്റെ ക്രൂരമായ മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായിട്ടാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശക്തമായ ചവിട്ടിലാണ് വാരിയെല്ലുകള്‍ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്കു പിന്നില്‍ ആന്തരിക രക്തശ്രാവവുമുണ്ട്. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈക്കാര്യം വ്യക്തമാകുള്ളു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍കുമാര്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസം മൂന്നു മുതല്‍ അമ്മയെ കാണാനിലെന്ന് കാട്ടി മകള്‍ ഈസ്റ്റ് പൊലീസില്‍ നല്‍കി പരാതിയാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. ഒരുമാസത്തിലേറെ പഴക്കമുള്ള സാവിത്രിയുടെ മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കേസില്‍ കൂട്ടുപ്രതിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന സുനിലിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.