ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ച സംഭവം; പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായി ക്ലാസ് എടുത്ത അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മപഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പ്രതികളായവരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ കൗമാരക്കാര്‍ പിടിയിലായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ‘ബ്ലൂ സാരി ടീച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പതിനാറുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൊന്നിന്റെ അഡ്മിന്‍ ഈ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗ്രൂപ്പില്‍ മോശം കമന്റുകളിട്ട നാല് വിദ്യാര്‍ത്ഥികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട പലരേയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. നിരവധി പേര്‍ ഇതിനോടകം കമന്റുകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്.

ഗ്രൂപ്പുകളുണ്ടാക്കിയവരിലും മോശം കമന്റിട്ടവരിലും കൗമാരക്കാരാണ് ഏറേയും. അധ്യാപികമാരെ അവഹേളിച്ച സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സൈബര്‍ ക്രൈം പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.സന്ദേശം പ്രചരിപ്പിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂര്‍, എറണാകുളം സ്വദേശികളുമായ വിദ്യാര്‍ത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.

Top