ദില്ലി: ഉത്തര്‍പ്രദേശിലെ മുസാഫാര്‍നഗറില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ കോടതി നിര്‍ദേശിച്ചു. സംഭവം ഗുരുതരവും ആശങ്കപ്പെടുത്തുന്നതെന്നും നിരീക്ഷിച്ച കോടതി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയുന്നതാണെന്നും വ്യക്തമാക്കി. എഫ്‌ഐആറിന്റെ ഉളളടക്കത്തിലും കോടതി കടുത്ത അതൃപതി രേഖപ്പെടുത്തി. അധ്യാപികയുടെ നടപടിക്ക് പിന്നില്‍ വര്‍ഗീയതയുണ്ടെന്ന അച്ഛന്റെ പരാതി എഫ്‌ഐആറില്‍ രേഖപെടുത്താത്തത് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പ്രചാരണം അതിശയോക്തിപരമാണെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഒക്ടോബര് 30ലേക് മാറ്റി.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തര്‍പ്രദേശിലെ നേഹ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ത്രിപ്ത ത്യാഗിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹപാഠികള്‍ കുട്ടിയെ തല്ലിയതെന്നാണ് കേസ്. വീഡിയോ പുറത്തായതോടെ സംഭവം വിവാദമായിരുന്നു.