തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചത്: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഡല്‍ഹി: ഡല്‍ഹി തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം. ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്‍ഡിആര്‍എഫ് ഇന്നു നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അതുല്‍ ഗാര്‍ഗ് സൂചിപ്പിച്ചു.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നതായാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ 25 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന 29 പേരെ കാണാനില്ല. ഇവരില്‍ 24 സ്ത്രീകളും അഞ്ചു പുരുഷന്മാരും ഉള്‍പ്പെടുന്നു.

അപകടസമയത്ത് മുറിയില്‍ 50 ലേറെ പേരാണ് ഉണ്ടായിരുന്നത്. ഹാള്‍ പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തേക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായതായി സംശയിക്കുന്ന സിസിടിവി നിര്‍മ്മാണ കമ്പനിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ കുന്നുകൂട്ടിയിട്ടിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി സംശയിക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.

അപകടത്തില്‍ മരിച്ചവരില്‍ കമ്പനി ഉടമകളുടെ പിതാവും ഉള്‍പ്പെടുന്നു. കമ്പനി ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരുടെ പിതാവ് അമര്‍നാഥ് ഗോയല്‍ കമ്പനിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. തീപിടിത്തമുണ്ടായതോടെ അദ്ദേഹവും അതില്‍ പെട്ടുപോകുകയായിരുന്നു. കെട്ടിട ഉടമ മനീഷ് ലാക്ര ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Top