കോട്ടയം: ചങ്ങനാശേരിയില്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനു പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരു ദിവസം അമ്പതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പരില്‍ നിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച്, കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പറാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിച്ചത്. പൊതുശുചിമുറികളില്‍ ഉള്‍പ്പെടെ നമ്പര്‍ എഴുതിവച്ചതിനെ തുടര്‍ന്ന് ഫോണില്‍ നിരന്തര ശല്യമാണ് ഇവര്‍ നേരിടുന്നത്. പലതവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റണം എന്നുള്ള നിര്‍ദേശം മാത്രമാണ് ലഭിച്ചത്.
എന്നാല്‍ വര്‍ഷങ്ങളായി വസ്ത്രം തുന്നിനല്‍കുന്ന ജോലി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നു വീട്ടമ്മ ചോദിക്കുന്നു. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലു മക്കളുമായി കഴിയുന്ന ഇവരുടെ ഏക ജീവിത മാര്‍ഗവും തയ്യല്‍ മാത്രമാണ്. സഹികെട്ട് വീട്ടമ്മ സമൂഹമാധ്യമത്തില്‍ കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിഡിയോ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതും.