Included 5 malayalees 10 killed bus accident in Tamil Nadu’s Tirunelveli

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.

പുതുച്ചേരിയിലെ കാരയ്ക്കലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ ലക്ഷ്വറി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം സ്വദേശി മേരി നിഷ, മകന്‍ ആല്‍ട്രോയ്, കൊച്ചുതുറ സ്വദേശി സുജിന്‍(6) വലിയതുറ സ്വദേശികളായ വിനോദ്, ആന്‍സി എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി കേരളത്തില്‍നിന്നുള്ള മെഡിക്കല്‍ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റേതാണ് അപകടത്തില്‍പ്പെട്ട വാഹനം. വേളാങ്കണ്ണിക്ക് തീര്‍ഥാനടത്തിന് പോയ മലയാളികളാണ് ബസിലുണ്ടായിരുന്നത്. വലിയതുറ സ്വദേശികളായ അരുണ്‍, ഷാജന്‍, പ്രിന്‍സി, ഏലിയാമ്മ, സോണി, നിതി, നവീന്‍ എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top