Including two bus drivers 5 people custody in jisha case

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയുള്ളത് അഞ്ച് പേരെന്ന് സൂചന. ഇതില്‍ രണ്ട് ബസ് ഡ്രൈവര്‍മാരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമുള്‍പ്പെടുന്നു. ബസ് ഡ്രൈവര്‍മാരിലൊരാള്‍ ജിഷയുടെ അയല്‍വാസിയാണ്. ഇയാളുടെ സുഹൃത്താണ് രണ്ടാമത്തെ ഡ്രൈവര്‍. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 12 പേരായിരുന്നു നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്നത്.

കൃത്യം നടന്നത് വൈകിട്ട് 5.35നും ആറുമണിക്കും ഇടയിലാണെന്നാണ് പൊലീസ് ഭാഷ്യം. ഇത് സംബന്ധിച്ച് മൂന്നു സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. ഈ സമയത്ത് ജിഷയുടെ വീട്ടില്‍ നിന്നും ഞരക്കവും നിലവിളിയും കേട്ടതായാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതില്‍ നിന്നുമാണ് ഈ സമയത്താകും കൃത്യം നടന്നതെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

നേരത്തെ ഒരു മണിക്കും ആറുമണിക്കും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസിന്റെ ഊഹം. കൊല നടന്ന ദിവസം അഞ്ചുമണിക്ക് ജിഷ വെള്ളം എടുക്കാനായി ഇറങ്ങിയതായി അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അഞ്ചുമണിക്ക് ശേഷമുളള ഒരു മണിക്കൂര്‍ സമയത്താകും കൊലപാതകം നടന്നതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.ഘാതകനെന്ന് സംശയിക്കുന്നയാള്‍ 6.30ന് കനാല്‍ വഴി പോയതായും ഇവര്‍ പൊലീസിനോട് മൊഴി നല്‍കിയെന്നാണ് വിവരങ്ങള്‍.

Top