ഫ്ലോറിഡ: മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തില്‍ റയല്‍ സാള്‍ട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മയാമി തോല്‍പ്പിച്ചു. മത്സരത്തില്‍ മെസ്സിയും സുവാരസും അസിസ്റ്റുകള്‍ നല്കി. റോബര്‍ട്ട് ടെയ്ലറും ഡീഗോ ഗോമസും ഗോളുകള്‍ നേടി.
രണ്ടാം പകുതി പുരോഗമിക്കും തോറും മയാമി പ്രതിരോധത്തിന് ശക്തമായ ജോലിയാണ് ഉണ്ടായിരുന്നത്. ഗോള്‍ പോസ്റ്റിന് മുന്നിലെ കാലണ്ടര്‍ മികവ് മയാമിക്ക് പലതവണ രക്ഷയായി. ഒടുവില്‍ 83-ാം മിനിറ്റില്‍ റയലിന്റെ ആഗ്രഹങ്ങള്‍ക്ക് രണ്ടാം തിരിച്ചടിയേറ്റു. മെസ്സിയുടെ മുന്നേറ്റത്തില്‍ സുവാരസിന് ലഭിച്ച പാസ് ഡീഗോ ഗോമസിന്റെ ഷോട്ടിലൂടെ വലയിലെത്തി. ഇതോടെ മത്സരത്തില്‍ ഇന്റര്‍ മയാമി 2-0ത്തിന് മുന്നിലായി. ഒടുവില്‍ ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ സീസണ് വിജയത്തോടെ തുടങ്ങാന്‍ ഇന്റര്‍ മയാമിക്ക് കഴിഞ്ഞു.രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിന് റയല്‍ സംഘത്തിന് സാധിച്ചു. തുടര്‍ച്ചയായി ഇന്റര്‍ മയാമിയെ പ്രതിരോധത്തിലാക്കി റയല്‍ മുന്നേറ്റം കാഴ്ചവെച്ചു. ഷോട്ടുകളുടെ എണ്ണത്തില്‍ റയല്‍ മയാമിയേക്കാള്‍ മുന്നിലെത്തി. 71-ാം മിനിറ്റില്‍ ആദ്യമായി ഗോള്‍പോസ്റ്റിലേക്ക് എത്തിച്ച ഷോട്ട് മയാമി ഗോള്‍ കീപ്പര്‍ ഡ്രേക്ക് കാലണ്ടറിന്റെ മികവില്‍ രക്ഷപെടുത്തി.
ആദ്യ പകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്റര്‍ മയാമി ആയിരുന്നു മുന്നില്‍. ഒമ്പത് ഷോട്ടുകള്‍ മയാമിപ്പട പായിച്ചതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. 16-ാം മിനിറ്റിലെ മെസ്സിയുടെ ഫ്രീക്വിക്ക് ഗോള്‍ലൈനില്‍ വെച്ചാണ് റയല്‍ താരം ഹെഡറിലൂടെ പ്രതിരോധിച്ചത്. നാല് ഷോട്ടുകള്‍ എടുത്തെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിേലേക്ക് പായിക്കാന്‍ റയല്‍ സാള്‍ട്ട് ലേക്കിന് കഴിഞ്ഞില്ല. 39-ാം മിനിറ്റിലാണ് മയാമി ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്. ലയണല്‍ മെസ്സിയുടെ പാസില്‍ റോബര്‍ട്ട് ടെയ്ലര് മയാമിപ്പടയെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഒരു ഗോളിന് ലീഡ് ചെയ്യാനും മെസ്സിക്കും സംഘത്തിനും കഴിഞ്ഞു.