പാറ്റ്‌ന: പാറ്റ്‌നയില്‍ ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായി.
ശശി ശേഖര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വിവിധ ആളുകളില്‍ നിന്നു വാങ്ങിയ 10 ലക്ഷം രൂപ കൊല്‍ക്കത്തയില്‍ നിന്നുള്ള വ്യവസായി രാജ്കുമാര്‍ അഗര്‍വാളിനു കൈമാറി വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
ഇത്തരത്തില്‍ പണം ശശിക്കു നല്‍കാന്‍ ശ്രമിക്കുന്നതിനിടെ രാജ്കുമാറിന്റെ സഹായിയെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷമാണ് ശശിയെ സിബിഐ കസ്റ്റഡിയിലടുക്കുന്നത്. രണ്ടു ലക്ഷത്തിനുമേലുള്ള പണമിടപാടുകള്‍ കുറ്റകരമാണെന്നിരിക്കെ ശശി ശേഖര്‍ വന്‍ പണമിടപാടുകള്‍ നടത്തിയെന്നും സിബിഐ എഫ്‌ഐആറില്‍ ആരോപിക്കുന്നു.
നാലു ദിവസം മുമ്പ് ശശി ശേഖറിനെ ഭുവനേശ്വറിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു മുമ്പ് മുംബൈയില്‍ നിന്നാണ് ശശി ശേഖര്‍ പാറ്റ്‌നയില്‍ ആദായനികുതി ഉദ്യോഗസ്ഥനായി എത്തുന്നത്.