ന്യൂഡല്‍ഹി: ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ശബ്ദ വോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്.
നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായനികുതിയില്‍ നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പേരാട്ടത്തിന്റെ ഭാഗമാണ് ബില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ഏകപക്ഷീയമായാണ് ബില്‍ പാസാക്കിയതെന്നും ജനാധിപത്യ മരയാദയില്ലാത്ത നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ എം.പിമാര്‍ സഭയില്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
നിയമഭേദഗതി ബില്ല് നാളെ രാജ്യസഭയില്‍ പാസാക്കും. രാജ്യസഭ 14 ദിവസത്തിനകം ബില്ല് പാസാക്കണം.
ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.
അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. വെളിപ്പെടുത്തുന്ന അവിഹിത സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം.
ഈ തുക നാലു വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല.