നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ മണി’ വെബ്‌സൈറ്റ്

arun jaitley

ന്യൂഡല്‍ഹി: നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പട്ടിക തുക സഹിതം പ്രസിദ്ധീകരിക്കാനും പുതിയ വെബ്സൈറ്റ് ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍.

ആത്മാര്‍ഥമായി നികുതി അടയ്ക്കുന്നവരെ സഹായിക്കാനാണ് ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പേരിലുള്ള സൈറ്റെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. നികുതി അടയ്ക്കാതെ, അധിക പണം കൈകാര്യം ചെയ്യുന്നത് അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നോട്ട് അസാധുവാക്കലിന് ശേഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നതും. ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇടപാടുകള്‍ക്ക് സഹായിക്കാനുമാണ് പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചിരിക്കുന്നതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

നോട്ട് നിരോധനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 16,398 കോടിയിലേറെ രൂപയുടെ നികുതി അടയ്ക്കാത്ത പണം കണ്ടെത്തിയെന്ന് കേന്ദ്ര ആദായനികുതി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 91 ലക്ഷം പുതിയ നികുതിദായകരാണ് ഇതിനു ശേഷം ഉണ്ടായതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Top