INCOME TAX DEPARTMENT FOCUSED TO RAIDE FOR STATE MINISTER AND 6 EX MINISTERS

ന്യൂഡല്‍ഹി;കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നടപടി വരുന്നു. മന്ത്രിസഭയിലെ ഒരു മന്ത്രി, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ആറ് മുന്‍ മന്ത്രിമാര്‍ , മലബാറിലെ ചില എം എല്‍ എമാര്‍ തുടങ്ങിയവരാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സജീവ നിരീക്ഷണത്തിലുള്ളത്.

അവിഹിത – ബിനാമി ഇടപാടുകള്‍ സംബന്ധമായ പരിശോധനയാണ് അണിയറയില്‍ നടക്കുന്നത്.ഏത് നിമിഷവും റെയ്ഡിനുള്ള സാധ്യതയും സജീവമാണ്.കര്‍ണ്ണാടക മന്ത്രി രമേശ് എല്‍.ജാര്‍ക്കി ഹോലിയുടെ വീട്ടില്‍ നിന്ന് 162 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെടുത്തതിന് തൊട്ട് പിന്നാലെയാണ് അയല്‍ സംസ്ഥാനമായ കേരളത്തിലും ഇന്‍കം ടാക്‌സ് വിഭാഗം പിടിമുറുക്കുന്നത്.കേന്ദ്ര ഏജന്‍സികള്‍ മന്ത്രിമാരുടെയടക്കം വസതികളില്‍ റെയ്ഡിനു ഒരുങ്ങുന്ന വിവരം 22-12-2016ന് express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കര്‍ണ്ണാടകയായാലും കേരളമായാലും ജാഗ്രതയോട് കൂടി നടപടി സ്വീകരിച്ചില്ലങ്കില്‍ അത് രാഷ്ട്രീയ പകപോക്കലായി ചിത്രീകരിക്കപ്പെടുമെന്നതിനാല്‍ വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം റെയ്ഡ് അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോയാല്‍ മതിയെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രാഷ്ട്ര നേതാക്കളെ ടാര്‍ഗറ്റ് ചെയ്തുള്ള നടപടി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തി വച്ചിട്ടുണ്ട്. എന്നാല്‍ വിവരശേഖരം ഇവിടങ്ങളില്‍ രഹസ്യമായി നടത്തും.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ പല മന്ത്രിമാര്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നെങ്കിലും റെയ്ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് ഇന്‍കം ടാക്‌സ് അധികൃതര്‍ പോയിരുന്നില്ല. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ സംസ്ഥാന പൊലീസിന്റെ സഹായം അനിവാര്യമാണെന്നതും ഭരണകൂടവുമായുള്ള ഏറ്റമുട്ടലായി വളരുമെന്നതിനാലുമായിരുന്നു ഈ പിന്‍മാറ്റം.

എന്നാല്‍ ഇപ്പോള്‍ നോട്ട് അസാധുവാക്കലിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ക്കശമാക്കിയതോടെ എന്ത് നടപടിയും സ്വീകരിക്കാന്‍ ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ്, സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട് ഇതെത്തുടര്‍ന്ന് കര്‍ശന നടപടിയുമായ് മുന്നോട്ടു പോകാന്‍ ഇന്‍കം ടാക്‌സ് ആസ്ഥാനത്തു നിന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ ഉന്നതരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് എങ്കില്‍ സംരക്ഷണത്തിന് കേന്ദ്ര സേനയെ വിട്ട് കൊടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശത്തിന്റെ ഭാഗമായിരുന്നു അടുത്തയിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയിലും ഓഫീസിലും സി.ആര്‍ പി.എഫ് ജവാന്‍മാരുടെ സാനിധ്യത്തില്‍ നടന്ന റെയ്ഡ്. ഇതിനെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് രാഹുല്‍ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായിരുന്നു. ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കടന്നാക്രമണമായാണ് ചീഫ് സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ് ചിത്രീകരിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ വകവെയക്കില്ലെന്ന മുന്നറിയിപ്പ് നല്‍കിയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിലെ ശക്തനായ മന്ത്രിയുടെ വസതിയില്‍ ഇപ്പോള്‍ ഇന്‍ടാക്‌സ് ഉദ്യേഗസ്ഥര്‍ നടത്തിയിരിക്കുന്ന റെയ്ഡ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്ന് കയറ്റമായി ചിത്രീകരിച്ചാല്‍ ആ വാദം കോടതിയില്‍ പോലും നിലനില്‍ക്കില്ലന്നാണ് ബി ജെ പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കണ്ണൂരില്‍ വീണ്ടും ആക്രമിക്കപ്പെടുന്നതില്‍ അരിശം പൂണ്ട ബി ജെ പി നേതൃത്വം സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ‘പഴയ’ ഫയലുകള്‍ വരെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പൊടി തട്ടിയെടുക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇടത്പക്ഷത്തേയും യു ഡി എഫിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടോ എന്ന് പോലും സംശയിക്കേണ്ട സാഹചര്യവുമാണ് ഇപ്പോള്‍ ഉള്ളത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വ്യാപകമായി ബിനാമികളെ മുന്‍നിര്‍ത്തി വന്‍ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നതാണ് ഇന്‍കം ടാക്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥ സംഘത്തിന്റെ നിഗമനം.

Top