തിരുവനന്തപുരം: മുന്‍മന്ത്രിമാരും പഴ്‌സണല്‍ സ്റ്റാഫംഗങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവര്‍ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങളും ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുള്ള സമ്പാദ്യത്തിന്റെ വിശദാംശങ്ങളും നല്‍കാന്‍ കഴിയില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് നല്‍കിയ കത്തിനാണ് ആദായ നികുതി വകുപ്പ് ഇങ്ങനെ മറുപടി നല്‍കിയത്.
ഏതെങ്കിലും വ്യക്തിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെങ്കില്‍ ആ വ്യക്തിയുടെ പേരില്‍ ഏതെങ്കിലും കേസുണ്ടാവുകയും അതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.
എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തില്‍ ഒരു രാഷ്ട്രീയക്കാരുടേയും പേരുകള്‍ ഇല്ലെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.
രാജ്യത്തുടനീളം ശാഖകളുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വിജിലന്‍സ് അടുത്തിടെ നടത്തിയ റെയ്ഡുകളില്‍ പൊതുപ്രവര്‍ത്തകരുടെ വമ്പന്‍ നിക്ഷേപ വിവരങ്ങള്‍ ലഭിച്ചിരുന്നു.
സാധാരണ പ്രവര്‍ത്തകരുടെ പേരില്‍പോലും വലിയ നിക്ഷേപങ്ങളുണ്ട്. ഇവര്‍ നിക്ഷേപങ്ങളെക്കുറിച്ച് റിട്ടേണ്‍സ് ഫയല്‍ ചെയ്തിട്ടുണ്ടോയെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.