തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന.
നിർണായക നീക്കവുമായാണ് ആദായനികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്.
പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം. ആദായ നികുതി വകുപ്പിന്റെ പരിശോധന പത്ത് മണിക്കൂർ നീണ്ടു.