ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിര്‍മ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് റെയ്ഡ്.

നേരത്തെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വീട്ടില്‍ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടന്നത്. മരുമകന്‍ ശബരിശന്റെ സ്ഥാപനങ്ങളില്‍ അടക്കം ഒരേ സമയം നാലിടങ്ങളിലായിട്ടായിരുന്നു പരിശോധന. എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു.

നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. ആദായ നികുതി റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് നീക്കമെന്നാണ് ഡിഎംകെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും ഡിഎംകെ പ്രതികരിച്ചു.

 

Top