എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; കണ്ടെത്തിയത് 400 കോടിയുടെ ആസ്തി

ന്യൂഡല്‍ഹി: എംകെആര്‍ പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്.

നാഗാലാന്റില്‍ അഡീഷണല്‍ എസ്പിയായിരുന്ന എംകെആര്‍ പിള്ളയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

നോട്ട് അസാധുവാക്കല്‍ സമയത്ത് 50 കോടി രൂപയുടെ കള്ളപ്പണം പിള്ള വെളിപ്പെടുത്തിയിരുന്നു.

400 കോടി രൂപയുടെ ആസ്തി വിവരങ്ങളാണ് പിള്ളയുടെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും നടന്ന റെയ്ഡുകളില്‍ നിന്നും ലഭിച്ചത്.

നാഗാലാന്റ് പോലുള്ള സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ കേന്ദ്രം അനുവദിച്ചിരുന്നു. ഇത്തരം ഫണ്ടുകള്‍ ഉദ്യോഗസ്ഥര്‍ ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നത് കണ്ടൈത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.

ഡല്‍ഹിയില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും, മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയും മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

കൂടാതെ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിയിടപാട് നടത്തിയതായും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി.

നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന എംകെആര്‍ പിള്ള ഡിജിപിയുടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്.

Top