ന്യൂഡല്‍ഹി: ആദായനികുതി നിയമം ഭേദഗതി ചെയ്യാൻ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചു.
അമ്പത് വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ ആദായനികുതി നിയമമാണ് രാജ്യത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുന്നത്.
ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോദിയാണ് സമിതി അധ്യക്ഷന്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സമിതിയുടെ സ്ഥിരം ക്ഷണിതാവായിരിക്കും.
ഗിരീഷ് അഹൂജ, രാജീവ് മേമാനി, മാന്‍സി കെഡിയ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്പത് വര്‍ഷം പഴക്കമുള്ള നിയമം പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് നികുതി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസ്താവിച്ചിരുന്നു.
നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി ആദായനികുതി നിയമം പരിഷ്‌കരിക്കാന്‍ 2009-ല്‍ യു.പി.എ. സര്‍ക്കാര്‍ പ്രത്യക്ഷനികുതി കോഡ് കൊണ്ടുവന്നിരുന്നു.
2010-ല്‍ പ്രത്യക്ഷ നികുതി കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി.
എന്‍.ഡി.എ.സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലെത്തിയതിനുശേഷം നികുതി വെട്ടിക്കുന്നത് തടയാനുള്ള ജനറല്‍ ആന്റി-അവോയിന്‍സ് റൂള്‍സ്(ഗാര്‍) പാസാക്കിയിരുന്നു.