ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നടന്‍ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.

‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ്‌വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളമാണ് നീണ്ടു നിന്നത്. വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിജയ്‌യെ ചോദ്യം ചെയ്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച രാത്രി 8.45 വരെയും നടനെ ചോദ്യം ചെയ്തിരുന്നു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.

അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിരുന്നു.

Top