ബെംഗളൂരു: കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനോട് ബിജെപിയില്‍ ചേരാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
രണ്ടുമാസം മുമ്പ് ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാന്‍ ഉദ്യോഗസ്ഥര്‍ ശിവകുമാറിനോട് ആവശ്യപ്പെട്ടതെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് സമ്മര്‍ദ്ദത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യ ആരോപണവുമായി രംഗത്ത് വന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്.
ആദായ നികുതി പരിശോധനകളില്‍ കൂടി വലയിട്ട് പിടിക്കാനുള്ള ശ്രമം ശിവകുമാര്‍ പരാജയപ്പെടുത്തി, അദ്ദേഹം അടിയുറച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായതുകൊണ്ടാണ് അത് സാധിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.