ന്യൂഡല്‍ഹി: നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ വരുന്ന ബജറ്റ് ശമ്പള വരുമാനക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റി(എന്‍എസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നല്‍കാനാണ് പരിഗണിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.
കുടുംബങ്ങളുടെ നിക്ഷേപ നിരക്കില്‍ വന്‍ഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 2017-18ആയപ്പോള്‍ 17.2 ശതമാനമായി കുറഞ്ഞിരുന്നു.
ചെറു നിക്ഷേപ പദ്ധതികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്. 80 സിയില്‍തന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്.