ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞിട്ടും കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവാത്ത സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രണ്ട് സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുകയും പ്രതിദിന രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.
രാജ്യത്താകെ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് കൊവിഡ് കേസുകള്‍ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തില്‍ പതിനേഴായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകള്‍ കുറഞ്ഞതിനാലായിരുന്നു എണ്ണത്തില്‍ കുറവുണ്ടായത്.
മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കൊവിഡ് വ്യാപനത്തിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും ആനുപാതികമായ കുറവുണ്ടാവാത്തതിനെക്കുറിച്ചാണ് കേന്ദ്രം വിശദമായ പരിശോധന നടത്താനൊരുങ്ങുന്നത്.