എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്ന് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് രോഗം കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടവും അവ്യക്തമാണ്. ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് രോഗം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു.

നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടില്‍ വിവാഹ ഉറപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം പകര്‍ന്നത്. ആലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്കും, സെക്യൂരിറ്റി ജീവനക്കാരനും അടുത്ത ബന്ധുവിനും രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്ത് നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഈ മേഖലയില്‍ മാത്രം രോഗികള്‍ 15 പേരായി. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 274 ആയി. ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 12 കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി ആലുവ, മരട് മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആലുവയിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും 35 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.

ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവര്‍ത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി, ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തന്‍കുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Top