കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

കളക്ടര്‍മാരുള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവിമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

ഈ ചര്‍ച്ചയ്ക്കിടെയാണ് കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. പ്രതിദിനം 4000 പരിശോധനകള്‍ നടത്താനുള്ള സൗകര്യമാണ് കേരളത്തിലുള്ളത്. റാന്‍ഡം ടെസ്റ്റ് കിറ്റ് ഉപയോഗിക്കാന്‍ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലെ പരിശോധനാസൗകര്യം ഉപയോഗിച്ച് പരമാവധി പരിശോധന നടത്തണം. രോഗലക്ഷണമില്ലാത്തവരിലും കൂടുതലായി പൊതുസമ്പര്‍ക്കം നടത്തുന്നവരെ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് കേരളം ഒരു മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലകളില്‍ താമസത്തിനുള്ള കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനും കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top