എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ എണ്ണം കൂട്ടണം; അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: രാജ്യത്ത് സുപ്രീം കോടതി ഉള്‍പ്പടെ എല്ലാ കോടതികളിലും വനിത ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. വനിതകള്‍ക്ക് എതിരായ പീഡന കേസുകളില്‍ സന്തുലിതവും ഇരകളുടെ വികാരങ്ങളും മനസിലാക്കികൊണ്ടുള്ള തീരുമാനമെടുക്കാന്‍ ഇത് സഹായകരമാകുമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി ഇരയുടെ കൈയ്യില്‍ രാഖി കെട്ടി നല്‍കണം എന്ന വ്യവസ്ഥ ഉത്തരവില്‍ രേഖപ്പെടുത്തിയ മധ്യപ്രദേശ് ഹൈക്കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ആണ് അറ്റോര്‍ണി ജനറല്‍ നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതിയില്‍ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34 ആണ്. നിലവില്‍ 2 വനിതാ ജഡ്ജിമാര്‍ മാത്രമേ ഉള്ളുവെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിക്ക് ഇത് വരെ ഒരു വനിത ചീഫ് ജസ്റ്റിസിനെ ലഭിച്ചിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

രാജ്യത്തെ ആകെയുള്ള 1113 ജഡ്ജിമാരില്‍ വെറും 80 പേര്‍ മാത്രമാണ് വനിതകള്‍. ഇതില്‍ 78 പേരും ഹൈക്കോടതികളിലെ ജഡ്ജിമാരാണ്. 11 വനിതാ ജഡ്ജിമാര്‍ ഉള്ള പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ആണ് ജഡ്ജിമാര്‍ക്ക് ഇടയിലെ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. പീഡന കേസ്സുകളില്‍ ഉള്‍പ്പടെ ജാമ്യം അനുവദിക്കുമ്പോള്‍ നിലവില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍ മാത്രമേ ഏര്‍പ്പെടുത്താവു എന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

Top