കൊച്ചി: കൊച്ചി നഗരത്തിൽ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികളുടെ സമരം തുടരുന്നു. ഭക്ഷണ വിതരണത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത് എത്തി. സമാന്തര ഭക്ഷണ വിതരണത്തിനെത്തിയ തേർഡ് പാർട്ടി കമ്പനിയായ ഷാഡോ ഫാക്സ് ജീവനക്കാരെ ഇന്നലെ രാത്രി സമരക്കാർ തടഞ്ഞു. പൊലീസ് സഹായത്തോടെ സമരം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
അതേസമയം സ്വിഗ്ഗി ഭക്ഷണ വിതരണക്കാർക്ക് യൂണിഫോം നിർബന്ധമില്ലെന്ന് കമ്പനി അറിയിച്ചു. സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് തൊഴിലാളികളുടെ ആരോപണം. സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ ഓൺലൈൻ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് തുടങ്ങി. എന്നാൽ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.
വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കി.മി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗ്ഗി ജീവനക്കാർ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് അനിശ്ചിതകാല ലോഗൗട്ട് സമരം ജീവനക്കാർ പ്രഖ്യാപിച്ചത്.