തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയര്‍ത്തി. മദ്യ ഉപയോഗത്തിന് കുറഞ്ഞ പ്രായം 23 ആയി ഉയര്‍ത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി (ഭേദഗതി) ബില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച 21 വയസ്സാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ 23 ആയി ഉയര്‍ത്തിയത്.
അബ്കാരി നിയമത്തിലെ 57ാം വകുപ്പ് ഭേദഗതി ചെയ്ത് വ്യാജ കള്ള് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാര്‍ച്ച് മദ്യത്തില്‍ കലര്‍ത്തിയാലുള്ള ശിക്ഷ ലഘൂകരിക്കാനും ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇനി പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴ നല്‍കിയാല്‍ മതി.
യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 86 ബാറുകള്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.