എറണാകുളത്ത് കൊവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു

എറണാകുളം: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഇതിനായി ബിപിസിഎല്ലില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്‌സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് ടണ്ണാണ് ബിപിസിഎല്ലിന്റ ഉത്പാദനം. പുതിയ പ്ലാന്റുകളില്‍ നിന്നുള്ള ഓക്‌സിജന്‍ ഉത്പാദനം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. കൂടാതെ ഫോര്‍ട്ടുകൊച്ചി, തൃപ്പൂണിത്തുറ, പള്ളൂരുത്തി താലൂക്ക് ആശുപത്രികളിലും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പുതിയതായി നാല് പ്ലാന്റുകളും സ്ഥാപിക്കും.

അതേസമയം, രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. പിഎം കെയര്‍ ഫണ്ടില്‍ നിന്നാകും ഇതിന് പണം കണ്ടെത്തുക. ആശുപത്രികളില്‍ ഒക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ഉള്ള ആശുപത്രികളില്‍ ആകും പ്ലാന്റുകള്‍ സ്ഥാപിക്കുക.

രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഉണ്ടായത് കനത്ത വീഴ്ചയാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിക്കാന്‍ കരാര്‍ കൊടുത്ത 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ സമയ ബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ അനാസ്ഥയാണ്. വളരെ കുറച്ച് ഓക്‌സിജന്‍ പ്ലാന്റുകള്‍ മാത്രം ആണ് ഇതുവരെ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഈ വീഴ്ച മറച്ചുവച്ച് മുഖംമിനുക്കല്‍ ശ്രമങ്ങളുടെ ഭാഗമായ് 551 പ്ലാന്റുകള്‍കൂടി അടിയന്തരമായി സ്ഥാപിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.

 

Top