കാന്റീന്‍ സ്റ്റാഫ് പരാമര്‍ശം നാക്ക് പിഴയില്‍ സംഭവിച്ചതാണ്; മാപ്പ് പറഞ്ഞ് ഓസീസ് കമന്റേറ്റര്‍

മെല്‍ബണ്‍: ഓസിസിനെതിരെ മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെയും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെയും ‘കാന്റീന്‍ സ്റ്റാഫ്’ എന്ന് വിളിച്ച് അപമാനിച്ച ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫ് മാപ്പുപറഞ്ഞ് രംഗത്ത്.

പരമ്പരയ്ക്കിടെ കമന്റേറ്റര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമാവുകയും മുന്‍ താരങ്ങളടക്കം കായിക ലോകത്തെ പ്രമുഖര്‍് അതിനെതിരെ രംഗത്ത് വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തന്റെ തെറ്റ് സമ്മതിച്ച് കമന്റേറ്റര്‍ രംഗത്ത് വന്നത്.

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരിയെ കുറിച്ച് സംസാരിക്കവെയാണ് കമന്റേറ്ററായ കെറി ഒക്കീഫ് വിവാദ പരാമര്‍ശം നടത്തിയത്. റയില്‍വേ കാന്റീന്‍ ജീവനക്കാര്‍ക്കെതിരെ മായങ്ക് അഗര്‍വാള്‍ ട്രിപ്പിള്‍ തികച്ചിട്ടുണ്ട് എന്നായിരുന്നു ഒക്കീഫിന്റെ വാക്കുകള്‍.

പരമ്പരയുടെ സംപ്രേക്ഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ തുറന്ന കത്തിലാണ് കെറി ഒക്കീഫിന്റെ കുമ്പസാരം. ‘പരാമര്‍ശം നടത്തുമ്പോള്‍ നാക്കുപിഴ സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനോട് അനാദരവ് കാട്ടുകയായിരുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്’ താനെന്നും ഒക്കീഫ് കത്തില്‍ എഴുതി. ഇതു കൂടാതെ ഒക്കീഫ് നടത്തിയ ‘ചേതേശ്വര്‍ ജഡേജ’ എന്ന പരാമര്‍ശവും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top